Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Sunday, April 21, 2013

തീവഴികള്‍


കാലം തുഴഞ്ഞെത്തിയ കപ്പലില്‍ 
അവനും ഉണ്ടായിരുന്നു. 
കടലിലെ ഓരോ തിരകളെയും 
അവന്‍ അമ്മയുടെ സ്നേഹമെന്ന് 
എണ്ണിക്കൂട്ടിക്കൊണ്ടേയിരുന്നു.
ഉപ്പു മണക്കുന്ന കടലിന്‍റെ കുളിര്‍ക്കാറ്റ് 
അച്ഛന്‍റെ വിയര്‍പ്പായും കൂട്ടി.
കൂടെ നീന്തുന്ന മത്സ്യങ്ങളെ 
തന്‍റെ നിഴലില്‍ ചാഞ്ഞിരുന്ന 
അനിയത്തിക്കുട്ടിയുടെ കുസൃതിയായും.
എന്നോ മറന്ന ബന്ധങ്ങളെ, 
എങ്ങോ മറഞ്ഞ ഓര്‍മ്മകളെ, 
ആ കടല്‍ പുനര്‍ജനിപ്പിച്ചു.

നന്‍മയും നേരും എന്തെന്നറിയാതെ 
അന്നവന്‍ പിണങ്ങിപ്പോയത് തീവഴിയിലേക്ക്.
അമ്മിഞ്ഞപ്പാലിന്‍ രുചി മറന്ന് 
വാറ്റുചാരായത്തെ നൊട്ടിനുണഞ്ഞു.
താരാട്ടുപാട്ടില്‍ ചിരിച്ചുമയങ്ങിയവന്‍ 
കഞ്ചാവിന്‍ ലഹരിയില്‍ മയങ്ങിത്തളര്‍ന്നു.
അനിയത്തിക്കുട്ടിക്കായ് കല്ലെറിഞ്ഞിരുന്നവന്‍ 
വര്‍ഗീയതക്കായ്‌ വെടികള്‍ മുഴക്കി.
വാടിയ സ്വപ്നങ്ങളെ താലോലിച്ചിരുന്ന അച്ഛന്‍ 
അവനെ ബിന്‍ ലാദനെന്ന പേരില്‍ കേട്ടിരുന്നു.
കാണാമറയത്തെ കണ്മണിയെ കാത്തിരുന്ന അമ്മ 
അജ്മല്‍ കസബെന്ന പേരിലും കേട്ടിരുന്നു.
ആയിരം കളിപ്പാട്ടങ്ങള്‍ക്ക് കാവലിരിക്കുന്ന 
അനിയത്തിയും കേട്ടിരുന്നു ഗോവിന്ദച്ചാമിയെ.

Friday, April 5, 2013

അതുകൊണ്ടായിരിക്കാം

'അ' എന്ന അക്ഷരത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്‌ 
'A' എന്ന അക്ഷരത്തിലൂടെയാണ് എന്‍റെ മകന്‍ വളര്‍ന്നത്‌ 
പള്ളിക്കൂടത്തിലാണ്‌ ഞാന്‍ പഠിച്ചത് 
സ്കൂളിലാണ് അവന്‍ പഠിച്ചത് 
അതുകൊണ്ടായിരിക്കാം അവന്‍റെ മുറിയുടെ വാതിലില്‍  
"I live here! Enter at your own risk!!!"


Friday, October 12, 2012

ഒരു പോസ്റ്റ്‌മാന്‍റെ ദു:ഖം

ഇതെന്‍റെ ദു:ഖമാണ്
കണ്ണീര്‍മഷിയാല്‍ രചിച്ചൊരു കത്താണ്
ഇനിയും ഞാനെന്തിനലയുന്നു
ഈ രണ്ട് കത്തുകള്‍ മാത്രമായി
എന്‍റെ കുഞ്ഞുങ്ങള്‍ ഒരു നേരം കഴിക്കുമാഹാരത്തിനായ്
കണ്ണീരു കൈമാറുന്ന കൂലി മാത്രം

കൂട്ടുകാര്‍ കൂട്ടുകാര്‍ തമ്മിലടുക്കാന്‍
ഇ-മെയിലുണ്ട് മൊബൈലുമുണ്ട്
ഏട്ടനെ, അനിയനെ, കൊച്ചുമക്കളെ
കണ്‍കുളിര്‍ക്കെ കാണാന്‍ ഫേസ്ബുക്കും ചാറ്റ്റൂമുമുണ്ട്
ചതിച്ചും കൊള്ളയടിച്ചും നേടും പണം
കൈമാറാന്‍ ബാങ്കും മണി എക്സ്ചേഞ്ചുമുണ്ട്
ഇനിയും എന്‍റെയീ കൈകളിലുള്ളത്
സ്വാര്‍ഥത പേറും വക്കീല്‍നോട്ടീസു മാത്രം

എന്‍റെ കുഞ്ഞുങ്ങള്‍ ഒരു നേരമുടുക്കും വസ്ത്രത്തിനായ്
കണ്ണീരു കൈമാറുന്ന കൂലി മാത്രം
എത്ര നാളായ് ഞാനൊരു
പുഞ്ചിരിമുത്തു വിതറും കത്തു തിരയുന്നു
ഇനിയും എനിക്കു വയ്യിതു ചുമക്കാന്‍
ഇനിയും വയ്യെനിക്കീ ശാപങ്ങള്‍തന്‍ കൂലി വാങ്ങാന്‍

Sunday, March 25, 2012

ഒരപേക്ഷ

നിളയുടെ തിര പോലെന്‍ വാക്കുകള്‍ താലോലിക്കും
ചെറുപവിഴമാണെന്‍റെ മലയാളം
പച്ചയുടുപ്പിട്ട് നൃത്തമാടും മലനാടിന്‍
സൌന്ദര്യമാണെന്‍റെ മലയാളം  
ഞാനൊന്നു കണ്ണീരൊഴുക്കുന്ന നേരമെന്നമ്മതന്‍ 
വാത്സല്യമാണെന്‍റെ മലയാളം
നല്ലിളം കുരുവികള്‍ മൂളുന്ന പാട്ടിലെ
മധുരശ്രുതിയാണെന്‍ മലയാളം
ചിത്രവര്‍ണപ്പൂക്കള്‍തന്‍ സൌരഭ്യം വിതറുന്ന
കാറ്റുപോലാണെന്‍ മലയാളം
എന്നിട്ടുമെന്തേ ഇന്നെന്‍റെ കൂട്ടര്‍ക്ക് 
മലയാളമെന്നാല്‍ അപരിഷ്കാരം?

എന്തുകൊണ്ടെന്‍റെ നിളയിന്ന് വെണ്‍മുത്ത്‌ 
ചിതറാതെയെങ്ങോ പിണങ്ങിപ്പോയി?
എന്തുകൊണ്ടാണെന്‍റെ മലയാളനാടിന്ന് 
മരവിച്ചുനരച്ചു കിടന്നിടുന്നു?
വേണ്ടെനിക്കമ്മേ മുറിവേറ്റ മലയാളത്തിന്‍
ചോര പുരട്ടിയ മുത്തങ്ങള്‍
പാടുന്നതാ കുരുവികള്‍ മധുരം ചോര്‍ന്ന
വികലമാമേതോ സംഗീതം
സൌരഭ്യമില്ലാതെ തെന്നല്‍ വിഷണ്ണനായ്‌
ആന്തൂറിയങ്ങളില്‍ തട്ടിത്തിരിയുന്നു
അപേക്ഷയാണിത്; പാതിജീവനോടീയമ്മയെ
പാതിവഴിയിലുപേക്ഷിക്കരുതേ

Sunday, November 13, 2011

ഞാനൊരു കൊരങ്ങി!

ഇന്നലെ ഫുട്ബോള്‍ കളിക്കിടയില്‍ ഗോളിയായ എനിക്ക് നാലാമത്തെ തവണയും ഗോള്‍ തടുക്കാന്‍ പറ്റാതിരുന്നപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കിക്കൊണ്ട്‌ 'കൊരങ്ങി' എന്ന് വിളിച്ചു. എനിക്ക് വളരെയധികം സങ്കടമായി. ഞാന്‍ വീട്ടിലേക്കു മടങ്ങി. കുറേ നേരം ഞാന്‍ സങ്കടത്തോടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് ഞാന്‍ facebook log in ചെയ്തപ്പോള്‍ അതില്‍ ഒരു വീഡിയോ കണ്ടു. എനിക്ക് സന്തോഷം സഹിക്കാനായില്ല. ഒരു വഴിയരികില്‍ ഒരു പൈപ്പ് തുറന്നു കിടക്കുന്നു. ധാരാളം വഴിയാത്രക്കാരുണ്ട്. പക്ഷെ ആരും തന്നെ ആ പൈപ്പ് തുറന്നു കിടക്കുന്നത് കണ്ടിട്ടും അതടച്ചുവച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു കുരങ്ങന്‍ അതുവഴി വന്നു. നല്ല ദാഹമുണ്ടായിരുന്നെന്നു തോന്നുന്നു. അത് ധാരാളം വെള്ളം കുടിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞ് ആ പൈപ്പ് മുറുക്കെ അടച്ചതിനു ശേഷമേ ആ കുരങ്ങന്‍ അവിടെനിന്ന് പോയുള്ളൂ. 



നമ്മള്‍ മനുഷ്യര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമായിരുന്നു അത്. പക്ഷെ നമ്മള്‍ ചെയ്യാത്തത് ആ കുരങ്ങന് കഴിഞ്ഞു. എന്നെ കൊരങ്ങി എന്ന് വിളിച്ചവരെ എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നി. ഒരു മനുഷ്യനായി ജനിച്ചതിന് പകരം ഒരു കുരങ്ങനായി ജനിക്കാമായിരുന്നില്ലേ എനിക്ക് എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചുപോയി. 

Thursday, June 16, 2011

മരണമെന്ന അതിഥി

തളര്‍ന്നു പോയ മേനിയും
മിഴിച്ചിടാത്ത കണ്‍കളും  
കുഴഞ്ഞുപോയ നാവും പിന്നെ
നിശ്ചലമാം കൈകളും
തൊലിവരണ്ട കാല്‍കളും
പാഴായ്പോയ ബുദ്ധിയും
ജീവനറ്റ ജീവനോടെ
എന്തിനാണീ ജീവിതം

അമ്മമാര്‍ കരഞ്ഞിടുന്നു
"കണ്‍തുറക്കെന്നുണ്ണി നീ"
പെറ്റുവീണ ചാപ്പിള്ളകള്‍
കണ്ണുനീരില്‍ മുങ്ങുന്നു.

എന്തിനാണീ നാശവസ്തു?
നാടിന്‍ നാശം എന്‍ഡോസള്‍ഫാന്‍!
വിരുന്നൊരുക്കി കാക്കണോ നാം 
മരണമെന്നൊരതിഥിയെ?

Saturday, February 26, 2011

എന്തിന്?

അമ്മയോടൊപ്പം നെന്‍മണി കൊത്തിനടന്ന എന്നെ
എന്തിന് നിങ്ങള്‍ പിടിച്ച് തലകീഴെ കെട്ടിയിട്ടു?

അസ്വസ്ഥതയോടെ ഞാന്‍ ചിറകിട്ടടിച്ചപ്പോള്‍
എന്തിന് നിങ്ങള്‍ 'ഹാവൂ' എന്നാശ്വസിച്ചു?

എന്നെത്തേടിയെത്തിയ അച്ഛനെയും അമ്മയെയും
എന്തിന് നിങ്ങള്‍ കീറിമുറിച്ച് തീയിലിട്ടു തിന്നു?

ആരോരുമില്ലാതെ ഒറ്റപ്പെട്ട എന്‍റെ കുഞ്ഞനിയനെ
എന്തിന് നിങ്ങള്‍ കളിപ്പാട്ടംപോലെ ഓടിപ്പിച്ചുകളിച്ചു?

ഒരുപദ്രവവും ചെയ്യാത്ത ഞങ്ങളുടെ കുടുംബത്തെ
എന്തിന് നിങ്ങള്‍ ദയനീയമായ് നശിപ്പിച്ച്‌ രസിച്ചു?

* ചൂടുകാലത്ത് കാറ്റുകിട്ടാന്‍ ചില ഗ്രാമീണര്‍ കോഴിയെപ്പിടിച്ച് മുറിയില്‍ തലകീഴെ കെട്ടിത്തൂക്കുമത്രെ!

Sunday, February 20, 2011

എന്‍റെ കൊന്നപ്പൂക്കള്‍

അന്നെനിക്ക് രണ്ട് വയസ്സാണ്. എന്‍റെ മുത്തശ്ശി എനിക്കൊരു കൊന്നത്തൈ തന്നു. ഞാനും മുത്തശ്ശനും കൂടി അത് മുറ്റത്ത്‌ നട്ടുപിടിപ്പിച്ചു. എന്നോടൊപ്പം ആ മരവും വളര്‍ന്നു. എനിക്ക് എട്ടു വയസ്സായപ്പോഴാണ് അതില്‍ ആദ്യമായി പൂക്കളുണ്ടായത്. ഏകദേശം ആ കാലത്തുതന്നെയാണ് എനിക്ക് ലോകകാര്യങ്ങളൊക്കെ കേട്ടാല്‍ എന്തെങ്കിലും മനസ്സിലാകാന്‍ തുടങ്ങിയതും. ഒരു ദിവസം ഞാനൊരു വാര്‍ത്ത കേട്ടു. ഒരു പാവപ്പെട്ട വഴിപോക്കനെ ഒരാള്‍ കൊലപ്പെടുത്തി അയാളുടെ പണവും മറ്റു സാധനങ്ങളും എടുത്ത് രക്ഷപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത. എനിക്ക് സങ്കടം വന്നു. അന്ന് നോക്കിയപ്പോള്‍ എന്‍റെ കൊന്നമരത്തിലെ ഒരു കുല പൂ വാടിത്തളര്‍ന്ന് താഴെ വീണുകിടക്കുന്നു. പിന്നൊരു ദിവസം കേട്ടത് രണ്ട് മതങ്ങളിലുള്ള ആള്‍ക്കാര്‍ തമ്മിലുള്ള വഴക്കിന്‍റെ പേരില്‍ കുറേ പേര്‍ മരിച്ചതാണ്. അന്നും സങ്കടത്തോടെ ഞാനെന്‍റെ കൊന്നമരത്തിനടുത്തേക്ക്‌  പോയി. എന്‍റെ മടിയിലേക്ക്‌ ഒരു കുല പൂ വാടിവീണു. മനുഷ്യര്‍ ഓരോ ദിവസവും ഓരോ അക്രമങ്ങള്‍ ചെയ്യുമ്പോഴും എന്‍റെ സങ്കടത്തോടൊപ്പം ഓരോ കുല കൊന്നപ്പൂക്കള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അങ്ങനെ ആ മരം ഇപ്പോള്‍ നശിക്കാറായി. മനുഷ്യന്റെ ദുഷ്ടതകള്‍ കൊണ്ട് എന്‍റെ കൊന്നമരം ഇത്രയ്ക്കു വാടുന്നെങ്കില്‍ അത് ഈ മനുഷ്യരെയെല്ലാം സ്നേഹത്തോടെ വളര്‍ത്തി അവര്‍ക്കെല്ലാം എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഭൂമിയുടെ മനസ്സ് വേവുന്ന ചൂടുകൊണ്ടായിരിക്കുമോ?

Saturday, February 19, 2011

എന്‍റെ മോഹങ്ങള്‍

രാവിലെ എഴുന്നേറ്റ് ജനാലക്കല്‍വന്ന് മാനംനോക്കി നില്‍ക്കാന്‍ മോഹം! 
ഇറ്റിറ്റുവീഴും മഴത്തുള്ളികളോടൊപ്പം കണ്ണാരംപൊത്തും  മാരിവില്ലിനോടൊന്നു ചിരിക്കാന്‍ മോഹം!  
കുഞ്ഞുതുള്ളികള്‍ വളര്‍ന്നാല്‍പ്പിന്നെ അവയ്ക്കൊപ്പം ചാടിക്കളിക്കാന്‍ മോഹം!
മഴതോര്‍ന്നാല്‍ കടലാസുവഞ്ചിയില്‍ കുഞ്ഞനുറുമ്പുകളെ അക്കരേക്കയക്കുവാന്‍ മോഹം!
കുഞ്ഞനുറുമ്പുള്‍ അക്കരേക്കെത്തിയാല്‍ പുഴയില്‍ മുങ്ങിക്കുളിക്കാന്‍ മോഹം!
പട്ടു പാവാടയുടുത്ത്‌ മണമുള്ള മുല്ലപ്പൂ  ചൂടാന്‍ മോഹം!
കൈനിറയെ കുപ്പിവളയിട്ട് അമ്മയുണ്ടാക്കിയ അപ്പം തിന്നാന്‍ മോഹം!
കൂട്ടരോടൊത്തു പറമ്പിലും തൊടിയിലും ഓടിക്കളിക്കാന്‍ മോഹം!
കാലില്‍ തടയുന്ന തെങ്ങിന്‍പട്ടയിലിരുന്ന് യാത്ര ചെയ്യാന്‍ മോഹം!
മാവിന്‍കൊമ്പില്‍കയറി കണ്ണിമാങ്ങ പറിച്ച് ഉപ്പുംകൂട്ടി തിന്നാന്‍ മോഹം!
ഉച്ചക്ക് നല്ല സദ്യയുണ്ട് പാലടയും കുടിച്ചു മയങ്ങാന്‍ മോഹം!
കുഞ്ഞനിയനേം കൂട്ടി പാടവരമ്പത്തൂടോടാന്‍ മോഹം!
പുഴയിലെ കുഞ്ഞുമത്സ്യങ്ങളെ തോര്‍ത്തില്‍പ്പിടിച്ച് കിണറ്റിലിടാന്‍ മോഹം!
മുത്തശ്ശനോടൊപ്പം കടയില്‍പ്പോയി നാരങ്ങാമിഠായി തിന്നാന്‍ മോഹം!
സന്ധ്യക്ക്‌ കാറ്റിലാടും പൂക്കളോടും കൂടണയും കിളികളോടും കിന്നാരം പറയാന്‍ മോഹം!
അമ്പിളിമാമനെ നോക്കിയിരുന്ന് മുത്തശ്ശിക്കഥകേട്ട് ചോറുണ്ണാന്‍ മോഹം!
കുഞ്ഞുതാരകളെ നോക്കിക്കിടന്നങ്ങനെ ചായുറങ്ങാന്‍ മോഹം!
എന്നിട്ട് പുലരുവോളം സുന്ദരമായ കിനാവുകള്‍ കാണാന്‍ മോഹം!

Thursday, February 3, 2011

ഊഞ്ഞാല്‍

കുഞ്ഞുമാങ്ങകളോടൊപ്പമാടാന്‍ ഞാന്‍
മാവിന്‍റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി.
ഊഞ്ഞാലിലാടുമ്പോള്‍ എന്നെത്തലോടി  
ഓടിയൊളിക്കുന്നു പുന്നാരക്കാറ്റ്,
ആകാശംമുട്ടി ഞാനാടുന്നനേരം
എന്നെത്തൊട്ടു പറക്കും കുഞ്ഞാറ്റകള്‍,
എന്നെ നോക്കിച്ചിരിക്കുന്നു സൂര്യന്‍,
അടിപിടികൂടുന്നു കുട്ടിമേഘങ്ങള്‍.
എല്ലാം കണ്ടു ഞാന്‍ രസിച്ചാടുമ്പോള്‍
തലയില്‍ വീണൊരു കുറുമ്പന്‍മാങ്ങ.
കരഞ്ഞു ഞാനപ്പോള്‍ വീട്ടിലേക്കോടി,
കരയുന്നതാ കൂടെ ഉണ്ണിമേഘങ്ങളും.

Saturday, January 29, 2011

അലയുകയാണു ഞാന്‍

എന്‍റെ പീലികളാല്‍ ഞാന്‍ നിനക്ക് തണല്‍വിടര്‍ത്തി.
എന്‍റെ ചിറകുകളാല്‍ ഞാന്‍ നിനക്ക് കമ്പിളിയൊരുക്കി.
എന്‍റെ കണ്ണുകളാല്‍ ഞാന്‍ നിനക്ക് കാവലിരുന്നു.
എന്‍റെ കൊക്കുകളാല്‍ ഞാന്‍ നിനക്ക് അന്നമേകി.
എന്‍റെ കാലുകളാല്‍ ഞാന്‍ നിനക്ക് നൃത്തംചവിട്ടി.
എന്നിട്ടും ഞാനറിയാതെ ദൂരെയേതോ മൃഗശാലയിലേക്ക്
ഒരു ദുഷ്ടവേടന്‍ നിന്നെ തട്ടിക്കൊണ്ടുപോയി.
അവിടെ കാഴ്ചവസ്തുവായ്‌ നില്‍ക്കുമ്പോള്‍
അവരെന്‍റെ കുഞ്ഞിനവിടെ
തണല്‍വിടര്‍ത്താറുണ്ടോ?  
കമ്പിളിയൊരുക്കാറുണ്ടോ?
കാവലിരിക്കാറുണ്ടോ?
അന്നമേകാറുണ്ടോ?
നൃത്തംചവിട്ടാറുണ്ടോ?
കുഞ്ഞേ, നിന്നെയോര്‍ത്ത് അലയുകയാണു ഞാന്‍.

Friday, January 21, 2011

ഇജോമ

എന്‍റെ ക്ലാസില്‍ ഒരു നൈജീരിയന്‍ കുട്ടിയുണ്ട് - ഇജോമ. ക്ലാസിലെ മറ്റു കുട്ടികള്‍ക്കൊന്നും അവളെ ഇഷ്ടമല്ല. എല്ലാവരും അവളെ ആവശ്യമില്ലാതെ ഉപദ്രവിക്കും.  കറുത്തവള്‍ എന്നു പറഞ്ഞ് പരിഹസിക്കും. ഞാന്‍ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്‌. അവള്‍ എപ്പോഴും എന്നോട് സങ്കടങ്ങള്‍ പറയാറുണ്ട്‌. ഇജോമയെ അടുത്തറിഞ്ഞുകഴിഞ്ഞാല്‍ ആര്‍ക്കും അവളോട് അറപ്പും വെറുപ്പും തോന്നുകയില്ല. ഒരു പാവം കുട്ടിയാണ്. എല്ലാവരും അവളെ കളിയാക്കുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വരാറുണ്ട്. പക്ഷെ എന്‍റെ മുത്തശ്ശി പറഞ്ഞിട്ടുണ്ട് ആരെങ്കിലും എന്തെങ്കിലും ചീത്ത കാര്യങ്ങള്‍ കാണിക്കുകയാണെങ്കില്‍‍ അവര്‍ക്കുള്ള ആപത്തുകള്‍ അവര്‍ തന്നെ വിളിച്ചുവരുത്തുകയാണെന്ന്. ഞാന്‍ അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കാറില്ല. ഒന്നും കേട്ടില്ല എന്ന ഭാവത്തില്‍ ‍ മാറിനില്‍ക്കും. 

ഇജോമ
സ്കൂളില്‍ സ്പോര്‍ട്സ്മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം. ഇജോമ സ്പോര്‍ട്സില്‍ നല്ല മിടുക്കിയാണ്. ഇജോമ മത്സരിച്ചാല്‍ താന്‍ തോല്ക്കും എന്നുറപ്പുള്ള ഒരു കുട്ടി അവളെ മത്സരത്തിനു കുറച്ചു മുന്‍പ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ തള്ളിയിട്ടു. ഇജോമയുടെ പാന്‍റ്സു കീറികാലില്‍ നിന്ന് ചോര നില്ക്കുന്നില്ല. ഞാന്‍ ക്ലാസില്‍നിന്നു പുറത്തിറങ്ങിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. ആ കുട്ടിയും കുറേ കൂട്ടുകാരും ചുറ്റും നിന്ന് 'ബ്ലാക്കി' എന്നുവിളിച്ച് അവളെ പരിഹസിച്ചു. എനിക്ക് സങ്കടം വന്നു. ഞാന്‍ ഇജോമയെ സ്കൂള്‍ക്ലിനിക്കിലേക്ക് കൊണ്ടുപോയി. കാലില്‍ മരുന്നുവെക്കുമ്പോള്‍ അവള്‍ എന്റെ കൈ മുറുക്കിപ്പിടിച്ച് കരയുകയായിരുന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചുകാലുകൊണ്ട് വയ്യെങ്കില്‍‍  അന്നത്തെ ഓട്ടമത്സരത്തില്‍ പങ്കെടുക്കണ്ട എന്ന് ഞാനെത്ര പറഞ്ഞിട്ടും അവള്‍ കേട്ടില്ല. മത്സരം തുടങ്ങുമ്പോഴേക്കും അവളുടെ വേദന കുറച്ചു കുറഞ്ഞിരുന്നു.
അങ്ങനെ മത്സരം തുടങ്ങി. സര്‍ വിസിലടിച്ചുകൊണ്ട് പറഞ്ഞു. "റെഡി.... ഗെറ്റ്.... സെറ്റ്... സ്റ്റാര്‍ട്ട്‌...." ഇതിനിടയില്‍ ഞാന്‍ അവളോട്‌ ആംഗ്യത്തില്‍ "ബെസ്റ്റ് ഓഫ് ലക്ക്" പറഞ്ഞു. ഞങ്ങളുടെ ക്ലാസില്‍നിന്ന് ഞാന്‍ മാത്രമേ അവളെ സപ്പോര്‍ട്ട് ചെയ്തുള്ളൂഎങ്കിലും ഏറ്റവും ആദ്യം എത്തിയത് ഇജോമയാണ്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാന്‍ ഓടിപ്പോയി അവളെ കെട്ടിപ്പിടിച്ചു പ്രശംസിച്ചു. മുറിവുപറ്റിയ കാലുമായി ഓടിയിട്ടും അവളെ ആര്‍ക്കും തോല്പിക്കാന്‍ പറ്റാത്ത പോലെ തന്നെയാണ് അവളുടെ നല്ല മനസ്സും. എത്ര മുറിവേറ്റാലും അവളുടെ മനസ്സില്‍ ആരോടും പകയോ ദേഷ്യമോ ഇല്ല.

Thursday, January 13, 2011

ഗോസ്റ്റ്ഹൌസ്

പപ്പ അന്ന് ഓഫീസില്‍ നിന്ന് വന്നത് സിനിമക്ക് ടിക്കറ്റ്‌ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ്. ഞാന്‍ സന്തോഷത്തോടെ ചോദിച്ചു ‘’ഏതു സിനിമക്കാ പപ്പാ നമ്മള്‍ പോകുന്നത്?’’ പപ്പ മറുപടി തന്നില്ല. ഞാന്‍ പിന്നെ ചോദിച്ചതുമില്ല. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയണ്ടല്ലോ എന്ന് വിചാരിച്ചു.

വേഗം എനിക്കേറ്റവും പ്രിയപ്പെട്ട പാന്‍റ്സും ടോപ്പും എടുത്തിട്ടു. ഞാനും പപ്പയും മമ്മയും മാമയും കൂടി തിയേറ്ററില്‍ എത്തി.  പിന്നെയും ഒരു ആകാംക്ഷ. ടിക്കറ്റില്‍ പടത്തിന്‍റെ പേരുണ്ടാകുമല്ലോ? ഞാന്‍ പപ്പയോട് അതൊന്ന് കാണിച്ചുതരാന്‍ പറഞ്ഞു. പപ്പ ചെവി കേള്‍ക്കാത്ത പോലെ ഇരുന്നു.
അപ്പോഴേക്കും തിയേറ്ററില്‍ ഇരുട്ട് പരന്നു. ഞാന്‍ ആകാംക്ഷയോടെ ഇരുന്നു. സിനിമയുടെ പേര് കണ്ടപ്പോഴാണ് പപ്പയുടെ  മൌനത്തിന്‍റെ കാര്യം പിടികിട്ടിയത്. ഹൊറര്‍ പടം കാണാന്‍ ഞാന്‍ വരില്ലെന്ന് പപ്പാക്ക് നന്നായറിയാം. പേര് ഹൊറര്‍ ആയിരുന്നെങ്കിലും സിനിമ കോമഡി ആയിരുന്നു- ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍.
സിനിമ കഴിഞ്ഞ് ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ വീട്ടിലെത്തി. അടുത്ത ദിവസം സ്കൂള്‍ ഇല്ലാത്തതുകൊണ്ട് കുറച്ചുനേരം മമ്മാടെ കൂടെ പാമ്പും കോണിയും കളിച്ചിട്ടു കിടക്കാമെന്നു കരുതി. മമ്മാനെ സോപ്പിട്ട്‌ സമ്മതിപ്പിച്ചു. ബോര്‍ഡും കോയിന്‍സും എടുക്കാന്‍ റൂമില്‍ പോയപ്പോള്‍ ആരോ നിലത്തു കാല്‍ മുട്ടാതെ നില്‍ക്കുന്നത് കണ്ടു. ഞാന്‍ കാറിപ്പൊളിച്ചു കൊണ്ട്‌ മമ്മയുടെ അടുത്തേക്ക് ഓടി. മമ്മയും പപ്പയും കുറേ സമാധാനിപ്പിക്കുകയും പിന്നെ കളിയാക്കുകയും ചെയ്തു. എങ്ങനെയൊക്കെയോ ഞാനാ രാത്രി കഴിച്ചുകൂട്ടി. 
പിറ്റേന്ന് ധൈര്യം സംഭരിച്ച്‌ വീണ്ടും ആ റൂമിലേക്കുപോയി. ആ കറുത്ത രൂപം അപ്പോഴും അവിടെത്തന്നെയുണ്ട്. ഞാന്‍ പേടിച്ചുവിറച്ചു. ചെവിയിലെന്തോ മൂളുന്നപോലെ തോന്നി. എന്‍റെ കൈകളൊക്കെ ഐസ് പോലെ തണുത്തു. തൊണ്ട വരണ്ടു. എന്നാലും പപ്പയും മമ്മയും ഇതൊന്നും വിശ്വസിക്കാതെ കളിയാക്കും എന്നോര്‍ത്തപ്പോള്‍ ഞാന്‍ രണ്ടുംകല്പിച്ച് മുന്നിലേക്ക്‌ നടന്നു. ആ രൂപമതാ നീങ്ങുന്നു. അതിന്‍റെ വലുപ്പം കൂടുകയും കുറയുകയും ചെയ്യുന്നു. രൂപം മാറുന്നു. ഗോസ്റ്റ് ഇല്ലെന്ന് എന്നെ പഠിപ്പിച്ച എല്ലാവരോടും എനിക്കു ദേഷ്യം തോന്നി. ചില്ലുവാതിലിനോട് ചേര്‍ന്നുനില്‍ക്കുകയാണത്. അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് മനസ്സിലാവുന്നില്ല. ഞാന്‍ വാതിലിനു തൊട്ടടുത്തെത്തി. അതെന്‍റെ നിഴലായിരുന്നെന്നറിഞ്ഞപ്പോള്‍ ഞാന്‍ ചമ്മിപ്പോയി.