Sunday, February 20, 2011

എന്‍റെ കൊന്നപ്പൂക്കള്‍

അന്നെനിക്ക് രണ്ട് വയസ്സാണ്. എന്‍റെ മുത്തശ്ശി എനിക്കൊരു കൊന്നത്തൈ തന്നു. ഞാനും മുത്തശ്ശനും കൂടി അത് മുറ്റത്ത്‌ നട്ടുപിടിപ്പിച്ചു. എന്നോടൊപ്പം ആ മരവും വളര്‍ന്നു. എനിക്ക് എട്ടു വയസ്സായപ്പോഴാണ് അതില്‍ ആദ്യമായി പൂക്കളുണ്ടായത്. ഏകദേശം ആ കാലത്തുതന്നെയാണ് എനിക്ക് ലോകകാര്യങ്ങളൊക്കെ കേട്ടാല്‍ എന്തെങ്കിലും മനസ്സിലാകാന്‍ തുടങ്ങിയതും. ഒരു ദിവസം ഞാനൊരു വാര്‍ത്ത കേട്ടു. ഒരു പാവപ്പെട്ട വഴിപോക്കനെ ഒരാള്‍ കൊലപ്പെടുത്തി അയാളുടെ പണവും മറ്റു സാധനങ്ങളും എടുത്ത് രക്ഷപ്പെട്ടു എന്നായിരുന്നു ആ വാര്‍ത്ത. എനിക്ക് സങ്കടം വന്നു. അന്ന് നോക്കിയപ്പോള്‍ എന്‍റെ കൊന്നമരത്തിലെ ഒരു കുല പൂ വാടിത്തളര്‍ന്ന് താഴെ വീണുകിടക്കുന്നു. പിന്നൊരു ദിവസം കേട്ടത് രണ്ട് മതങ്ങളിലുള്ള ആള്‍ക്കാര്‍ തമ്മിലുള്ള വഴക്കിന്‍റെ പേരില്‍ കുറേ പേര്‍ മരിച്ചതാണ്. അന്നും സങ്കടത്തോടെ ഞാനെന്‍റെ കൊന്നമരത്തിനടുത്തേക്ക്‌  പോയി. എന്‍റെ മടിയിലേക്ക്‌ ഒരു കുല പൂ വാടിവീണു. മനുഷ്യര്‍ ഓരോ ദിവസവും ഓരോ അക്രമങ്ങള്‍ ചെയ്യുമ്പോഴും എന്‍റെ സങ്കടത്തോടൊപ്പം ഓരോ കുല കൊന്നപ്പൂക്കള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അങ്ങനെ ആ മരം ഇപ്പോള്‍ നശിക്കാറായി. മനുഷ്യന്റെ ദുഷ്ടതകള്‍ കൊണ്ട് എന്‍റെ കൊന്നമരം ഇത്രയ്ക്കു വാടുന്നെങ്കില്‍ അത് ഈ മനുഷ്യരെയെല്ലാം സ്നേഹത്തോടെ വളര്‍ത്തി അവര്‍ക്കെല്ലാം എല്ലാ സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഭൂമിയുടെ മനസ്സ് വേവുന്ന ചൂടുകൊണ്ടായിരിക്കുമോ?

11 comments:

hafeez said...

ആ കൊന്നമരം വാടാതെ സൂക്ഷിക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രമേയവും രചനാശൈലിയും വളരെ ഇഷ്ടപ്പെട്ടു.ആശസകള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കുക്കൂസേ...
ഇതിനെ കലികാലമെന്നു പറയും.
വളരെ നന്നായി എഴുതി.

കൂതറHashimܓ said...

നല്ലത്
എന്നും കൊന്നമരം നന്നായി പൂത്ത് നില്‍ക്കട്ടെ
നമുക്കതിനായി കഴിയുന്നത് ചെയ്യാം

faisu madeena said...

നല്ലൊരു ആശയം ആണ് മോളെ ...മനോഹരമായിരിക്കുന്നു ...നമുക്ക് എല്ലാവര്ക്കും ഹഫീസ് പറഞ്ഞ പോലെ ആ മരം ഉണങ്ങാതെ നോക്കാം ...

പിന്നെ cuckoos എനിക്ക് എന്തെങ്കിലും ഗിഫ്റ്റ് അയച്ചിരുന്നോ ?

Unknown said...

കൊന്നമരം ഇനിയും പൂക്കട്ടെ..
മോള്‍ നന്നായി എഴുതി.

Ismail Chemmad said...

നന്നായി കുക്കൂസ് ......
കൊന്ന ഇനിയും പൂത്തുലഞ്ഞു നില്‍ക്കട്ടെ

കുന്നെക്കാടന്‍ said...

മോളൂസിനു സ്നേഹപൂര്‍വ്വം ,
നമ്മുടെഒക്കെ മനസില്ലേ കൊന്ന പൂക്കള്‍ വാടാതെ ഇരിക്കാന്‍ നമുക്ക് പരിശ്രമിക്കാം .

ശ്രീജിത് കൊണ്ടോട്ടി. said...

കുക്കൂസേ..

നന്മ മാത്രം കണികണ്ടുണരാന്‍ കൊന്നപ്പൂക്കള്‍ കാത്തു സൂക്ഷിക്കുക, കൊന്നമരം വാടാതെ കാക്കുക.. :)

എല്ലാ ആശംസകളും...

Kadalass said...

ആ സ്നേഹ കുസുമങ്ങൾ വാടാതെ കൊഴിയാതെ സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ!
എല്ലാ ആശംസകളും

ആസാദ്‌ said...

മോളൂ, ഇനി മോളുടെ കൊന്നമരത്തില്‍ നിന്നുമൊരില പോലും പൊഴിയാതിരിക്കട്ടെ എന്ന്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ഇതു പോലെ ഓരോ മനുഷ്യണ്റ്റെ മനസ്സിലും ഓരോ കൊന്നച്ചെടികളുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. നന്നായിരിക്കുന്നു. നല്ല എഴുത്ത്‌.


മറക്കാതിരിക്കാന്‍ മര്‍ത്യന്‍ പ്രയാസപ്പെടും
ബാല്യത്തിന്നാര്‍ദ്രമാമൊരു പിടി കൊന്നപ്പൂക്കള്‍! പിന്നെ മെല്ലെ മെല്ലെ വയസ്സായിപ്പോകവേ,
വടി കുത്തിപ്പിടിച്ചവന്‍ താഴോട്ടു നോക്കിടും!
ഇടറുമവണ്റ്റെ കാല്‍പാദങ്ങള്‍ക്കരികിലെവിടെയെങ്കിലും
അവനെന്നോ വെടിഞ്ഞൊരാ കൊന്ന പൂവുകള്‍!