Sunday, March 25, 2012

ഒരപേക്ഷ

നിളയുടെ തിര പോലെന്‍ വാക്കുകള്‍ താലോലിക്കും
ചെറുപവിഴമാണെന്‍റെ മലയാളം
പച്ചയുടുപ്പിട്ട് നൃത്തമാടും മലനാടിന്‍
സൌന്ദര്യമാണെന്‍റെ മലയാളം  
ഞാനൊന്നു കണ്ണീരൊഴുക്കുന്ന നേരമെന്നമ്മതന്‍ 
വാത്സല്യമാണെന്‍റെ മലയാളം
നല്ലിളം കുരുവികള്‍ മൂളുന്ന പാട്ടിലെ
മധുരശ്രുതിയാണെന്‍ മലയാളം
ചിത്രവര്‍ണപ്പൂക്കള്‍തന്‍ സൌരഭ്യം വിതറുന്ന
കാറ്റുപോലാണെന്‍ മലയാളം
എന്നിട്ടുമെന്തേ ഇന്നെന്‍റെ കൂട്ടര്‍ക്ക് 
മലയാളമെന്നാല്‍ അപരിഷ്കാരം?

എന്തുകൊണ്ടെന്‍റെ നിളയിന്ന് വെണ്‍മുത്ത്‌ 
ചിതറാതെയെങ്ങോ പിണങ്ങിപ്പോയി?
എന്തുകൊണ്ടാണെന്‍റെ മലയാളനാടിന്ന് 
മരവിച്ചുനരച്ചു കിടന്നിടുന്നു?
വേണ്ടെനിക്കമ്മേ മുറിവേറ്റ മലയാളത്തിന്‍
ചോര പുരട്ടിയ മുത്തങ്ങള്‍
പാടുന്നതാ കുരുവികള്‍ മധുരം ചോര്‍ന്ന
വികലമാമേതോ സംഗീതം
സൌരഭ്യമില്ലാതെ തെന്നല്‍ വിഷണ്ണനായ്‌
ആന്തൂറിയങ്ങളില്‍ തട്ടിത്തിരിയുന്നു
അപേക്ഷയാണിത്; പാതിജീവനോടീയമ്മയെ
പാതിവഴിയിലുപേക്ഷിക്കരുതേ

2 comments:

ajith said...

ഹൃദയസ്പര്‍ശിയായ ഒരപേക്ഷ. നല്ല കവിത, അഭിനന്ദനങ്ങള്‍, നല്ല മലയാളത്തിന്

വരവൂരാൻ said...

സൌരഭ്യമില്ലാതെ തെന്നല്‍ വിഷണ്ണനായ്‌
ആന്തൂറിയങ്ങളില്‍ തട്ടിത്തിരിയുന്നു..
മനോഹരമായിരിക്കുന്നു...നല്ല അവതരണം... ഇനിയും നല്ല നല്ല കവിതകൾ വിടരട്ടെ ആശംസകൾ