Sunday, April 21, 2013

തീവഴികള്‍


കാലം തുഴഞ്ഞെത്തിയ കപ്പലില്‍ 
അവനും ഉണ്ടായിരുന്നു. 
കടലിലെ ഓരോ തിരകളെയും 
അവന്‍ അമ്മയുടെ സ്നേഹമെന്ന് 
എണ്ണിക്കൂട്ടിക്കൊണ്ടേയിരുന്നു.
ഉപ്പു മണക്കുന്ന കടലിന്‍റെ കുളിര്‍ക്കാറ്റ് 
അച്ഛന്‍റെ വിയര്‍പ്പായും കൂട്ടി.
കൂടെ നീന്തുന്ന മത്സ്യങ്ങളെ 
തന്‍റെ നിഴലില്‍ ചാഞ്ഞിരുന്ന 
അനിയത്തിക്കുട്ടിയുടെ കുസൃതിയായും.
എന്നോ മറന്ന ബന്ധങ്ങളെ, 
എങ്ങോ മറഞ്ഞ ഓര്‍മ്മകളെ, 
ആ കടല്‍ പുനര്‍ജനിപ്പിച്ചു.

നന്‍മയും നേരും എന്തെന്നറിയാതെ 
അന്നവന്‍ പിണങ്ങിപ്പോയത് തീവഴിയിലേക്ക്.
അമ്മിഞ്ഞപ്പാലിന്‍ രുചി മറന്ന് 
വാറ്റുചാരായത്തെ നൊട്ടിനുണഞ്ഞു.
താരാട്ടുപാട്ടില്‍ ചിരിച്ചുമയങ്ങിയവന്‍ 
കഞ്ചാവിന്‍ ലഹരിയില്‍ മയങ്ങിത്തളര്‍ന്നു.
അനിയത്തിക്കുട്ടിക്കായ് കല്ലെറിഞ്ഞിരുന്നവന്‍ 
വര്‍ഗീയതക്കായ്‌ വെടികള്‍ മുഴക്കി.
വാടിയ സ്വപ്നങ്ങളെ താലോലിച്ചിരുന്ന അച്ഛന്‍ 
അവനെ ബിന്‍ ലാദനെന്ന പേരില്‍ കേട്ടിരുന്നു.
കാണാമറയത്തെ കണ്മണിയെ കാത്തിരുന്ന അമ്മ 
അജ്മല്‍ കസബെന്ന പേരിലും കേട്ടിരുന്നു.
ആയിരം കളിപ്പാട്ടങ്ങള്‍ക്ക് കാവലിരിക്കുന്ന 
അനിയത്തിയും കേട്ടിരുന്നു ഗോവിന്ദച്ചാമിയെ.

Friday, April 5, 2013

അതുകൊണ്ടായിരിക്കാം

'അ' എന്ന അക്ഷരത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്‌ 
'A' എന്ന അക്ഷരത്തിലൂടെയാണ് എന്‍റെ മകന്‍ വളര്‍ന്നത്‌ 
പള്ളിക്കൂടത്തിലാണ്‌ ഞാന്‍ പഠിച്ചത് 
സ്കൂളിലാണ് അവന്‍ പഠിച്ചത് 
അതുകൊണ്ടായിരിക്കാം അവന്‍റെ മുറിയുടെ വാതിലില്‍  
"I live here! Enter at your own risk!!!"